അസര്‍ബൈജാനിലെ ബാക്കുവില്‍ നടന്ന ഫിഡെ ചെസ് ലോകകപ്പിന്റെ ഫൈനലില്‍ മാഗ്നസ് കാള്‍സണെതിരെ വിജയിക്കാൻ പ്രഗ്നാനന്ദയെന്ന 18കാരന് കഴിഞ്ഞില്ല.ചെസ് ലോകകപ്പിന്റെ ടൈബ്രേക്കറിലാണ് താരം പരാജയം സമ്മതിച്ചത്. വെള്ളിമെഡല്‍ നേടിയ താരത്തിന് രാജ്യമൊന്നാകെ ആശംസ അറിയിക്കുകയാണ്.വിശ്വനാഥന്‍ ആനന്ദിന് ശേഷം ലോകകപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പ്രജ്ഞാനന്ദ.
പക്ഷേ ശതകോടിയില്‍പ്പരം ഇന്ത്യക്കാരുടെ അഭിമാനത്തിന് വീര്യം പകര്‍ന്ന പോരാട്ടം കാഴ്ചവച്ചാണ് പ്രഗ്നാനന്ദ റണ്ണര്‍ അപ്പായത്. ലോക ചെസിലെ എക്കാലത്തെയും മികച്ച പോരാളികളുടെ പട്ടികയിലുള്ള കാള്‍സനെതിരെ വെറുതെ കീഴടങ്ങുകയായിരുന്നില്ല ഈ തമിഴ്നാട്ടുകാരൻ ‘പയ്യൻ’. ക്ളാസിക്കല്‍ ഫോര്‍മാറ്റിലെ രണ്ട് ഗെയിമുകളിലും കാള്‍സനെ സമനിലയില്‍ തളച്ചശേഷം ടൈബ്രേറിലെ രണ്ട് റൗണ്ട് റാപ്പിഡ് മത്സരത്തിലാണ് പ്രഗ്നാനന്ദ തോല്‍വി സമ്മതിച്ചത്.വിജയത്തിന്റെ ചവിട്ടുപടിയാണ് പരാജയമെന്ന് പറയാറുണ്ട്. ലോക ചെസില്‍ താൻ ഭാവിയുടെ പ്രതീക്ഷയാണെന്ന് തെളിയിക്കുന്ന രീതിയിലാണ് പ്രഗ്നാനന്ദയുടെ കടന്നുവരവ്. ചെന്നൈയിലെ ഒരു സാധാരണ ബാങ്കുദ്യോഗസ്ഥന്റെ മകനായ പ്രഗ്നാനന്ദ ലോകത്തിന്റെ നെറുകയിലേക്കുള്ള കുതിപ്പിലാണ്. പത്താംവയസില്‍ ഏറ്റവും പ്രായംകുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്ററായും 12-ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗ്രാൻഡ്മാസ്റ്ററായും ചരിത്രം കുറിച്ച പ്രഗ്നാനന്ദ തനിക്ക് കീഴടക്കാനുള്ള കൊടുമുടികള്‍ ഓരോന്നായി താണ്ടുകയാണ്. ലോക ചെസ് ചാമ്ബ്യൻഷിപ്പില്‍ തനിക്കൊത്ത എതിരാളി ഇല്ലാത്തതിനാല്‍ ഇനി മത്സരിക്കാനില്ലെന്ന് പരസ്യമായി പറഞ്ഞ കാള്‍സന് ഈ പയ്യൻ അത്രനിസാരക്കാരനല്ലെന്ന് പറയേണ്ടിവന്നു എന്നതാണ് ലോകകപ്പ് കഴിയുമ്ബോഴുള്ള മാറ്റം.
പ്രീക്വാര്‍ട്ടറില്‍ ലോക രണ്ടാംറാങ്കുകാരൻ ഹിക്കാമുറയേയും ക്വാര്‍ട്ടറില്‍ സഹതാരം അര്‍ജുൻ എരിഗേസിയേയും സെമിഫൈനലില്‍ ലോകമൂന്നാം റാങ്കുകാരൻ അമേരിക്കൻ ഗ്രാൻഡ്മാസ്റ്റര്‍ ഫാബിയാനോ കരുവാനയെയും അട്ടിമറിച്ചാണ് പ്രഗ്നാനന്ദ ഫൈനലിലെത്തിയത്. തന്നേക്കാള്‍ റാങ്കിംഗിലും റേറ്റിംഗിലും മുന്നിലുള്ള താരങ്ങളെ ഒരു പതര്‍ച്ചയുമില്ലാതെ നേരിടാനുള്ള ആത്മവിശ്വാസമാണ് പ്രഗ്നാനന്ദയെ ഭാവിയുടെ ചാമ്ബ്യനാക്കി മാറ്റുന്നത്. ലോകകപ്പ് റണ്ണര്‍ അപ്പായതോടെ 2024ലെ കാൻഡിഡേറ്റ്സ് ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കാൻ പ്രഗ്നാനനന്ദ യോഗ്യത നേടി. ഡിംഗ് ലിറെന് എതിരായ ലോക ചാമ്ബ്യൻഷിപ്പിലെ എതിരാളിയെ കണ്ടെത്താനുള്ള പോരാട്ടമാണ് കാൻഡിഡേറ്റ്സ് ടൂര്‍ണമെന്റ് .ഈ ലോകകപ്പിനിടയില്‍ 18 വയസ് തികഞ്ഞ പ്രഗ്നാനന്ദ കാൻഡിഡേറ്റ്സ് ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ്. ചെസ് ഇതിഹാസം ബോബി ഫിഷറും നിലവിലെ ലോകചാമ്ബ്യനും ലോക ഒന്നാംനമ്ബര്‍ താരവുമായ മാഗ്നസ് കാള്‍സണുമാണ് പ്രഗ്നാനന്ദയേക്കാള്‍ ചെറിയപ്രായത്തില്‍ ലോകകപ്പ് ഫൈനലിലെത്തിയത്.

