ന്യൂഡല്‍ഹി: ചന്ദ്രയാന്‍-3 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങിയ സ്‌ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിവശക്‌തിയെന്നു പേരിട്ടതിനെച്ചൊല്ലി കോണ്‍ഗ്രസ്-ബി.ജെ.പി.വാക്‌പോര്.
ചന്ദ്രോപരിതലത്തിലെ ഒരു സ്‌ഥലത്തിനു പേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അവകാശമില്ലാത്തതിനാല്‍ ഈ പേര് പരിഹാസ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് റാഷിദ് ആല്‍വി പറഞ്ഞു. “ഇപ്പോഴത്തെ നടപടിയില്‍ ലോകം മുഴുവന്‍ ചിരിക്കും. ചന്ദ്രനിലെ ഒരു പോയിന്റിനു പേരിടാന്‍ പ്രധാനമന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. അവിടെ നമ്മുടെ ലാന്‍ഡര്‍ ഇറങ്ങി, അത് വളരെ നല്ലതാണ്, അതില്‍ നമുക്ക് അഭിമാനമുണ്ട്, അക്കാര്യത്തില്‍ സംശയമില്ല. പക്ഷേ നമ്മള്‍ ചന്ദ്രന്റ ഉടമയല്ല”- റാഷിദ് ആല്‍വി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
എന്നാല്‍, വിജയകരമായ ചന്ദ്രയാന്‍-1 ദൗത്യം പൂര്‍ത്തിയാക്കി പേടകംഇടിച്ചിറങ്ങിയ സ്‌ഥലത്തിന് ജവാഹര്‍ പോയിന്റ് എന്ന പേരിട്ടതു ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി. ഇതിനെ പ്രതിരോധിക്കുന്നത്. മോദി സ്വന്തം പേരോ ഏതെങ്കിലും ബി.ജെ.പി. നേതാക്കളുടെ പേരോ അല്ല ചന്ദ്രയാന്‍ 3 ലാന്‍ഡിങ് സൈറ്റിനു നല്‍കിയതെന്നും ബി.ജെ.പി. നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ജവാഹര്‍ലാല്‍ നെഹ്‌റുവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ് ആല്‍വിയുടെ മറുവാദം. ഐ.എസ്.ആര്‍.ഒ. ഇന്നത്തെ നിലയിലായതിനു പിന്നില്‍ നെഹ്‌റുവാണ്. 1962-ല്‍ വിക്രം സാരാഭായിയും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്‌റുവും ചേര്‍ന്നാണ് ഐ.എസ്.ആര്‍.ഒ. സ്‌ഥാപിച്ചത്. അതു വ്യത്യസ്‌തമായ കാര്യമാണ്. മോദി ചെയ്യുന്നത്‌രാഷ്‌ട്രീയവത്‌കരണമാണെന്നും ആല്‍വി ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസ് വീണ്ടും തങ്ങളുടെ ഹിന്ദു വിരുദ്ധ നിലപാട് പരസ്യമാക്കുകയാണെന്ന് ബി.ജെ.പി. ദേശീയ വക്‌താവ് ഷെഹ്‌സാദ് പൂനാവാല ആരോപിച്ചു. രാമന്റെ അസ്‌തിത്വത്തെ ചോദ്യം ചെയ്യുന്നതും രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ക്കുന്നതും ഇതേ പാര്‍ട്ടിയാണെന്നും പൂനാവാല പറഞ്ഞു. ശിവശക്‌തി പോയിന്റ്, തിരംഗ പോയിന്റ് – ഇതുരണ്ടും രാജ്യത്തോട് ചേര്‍ത്തിരിക്കുന്നു. എന്തുകൊണ്ടാണ് റാഷിദ് ആല്‍വി ഇത് പരിഹാസ്യമായി കാണുന്നത്? ഗാന്ധി കുടുംബത്തെയും ജവാഹര്‍ലാല്‍ നെഹ്‌റുവിനെയും മാത്രമേ കോണ്‍ഗ്രസ് സ്‌തുതിക്കുകയുള്ളൂ. വിക്രം ലാന്‍ഡറിന് വിക്രം സാരാഭായിയുടെ പേരാണ് നല്‍കിയിരിക്കുന്നതെന്നും പൂനാവാല പറഞ്ഞു. യു.പി.എ. ആയിരുന്നെങ്കില്‍ അവര്‍ ഒരിക്കലും ചന്ദ്രയാന്‍ രണ്ടും മൂന്നും ദൗത്യങ്ങള്‍ അയയ്‌ക്കില്ലായിരുന്നു. അങ്ങനെ ചെയ്‌തിരുന്നെങ്കില്‍ത്തന്നെ ലാന്‍ഡര്‍ ഇറങ്ങിയ സ്‌ഥലത്തിന് ഇന്ദിരാ പോയിന്റ് എന്നും രാജീവ് പോയിന്റ് എന്നും പേരിടുമായിരുന്നുവെന്നും ബി.ജെ.പി. നേതാവ് പരിഹസിച്ചു.
ശിവ ശക്തി പോയന്റ് ;വാക് പോരിൽ ഇന്ത്യൻ രാഷ്ട്രീയം.

