പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയ കാശ്മീർ എംപിക്കെതിരെ സുപ്രീംകോടതി; സത്യവാങ്മൂലം സമർപ്പിക്കാനും  നിർദേശം.

ന്യൂഡല്‍ഹി: നാഷണല്‍ കോണ്‍ഫറൻസ് നേതാവും ബാരാമുള്ള എം.പിയുമായ മുഹമ്മദ് അക്ബര്‍ ലോണിനോട് ഇന്ത്യയോടുള്ള കൂറ് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്.2018ല്‍ ജമ്മുകാശ്മീര്‍ നിയമസഭയില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയതിനാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. ജമ്മുകാശ്‌മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയപ്പോള്‍ മുഹമ്മദ് അക്ബര്‍ ലോണ്‍ അതിനെതിരെ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നു. എം.പിയുടെ പാക് അനുകൂല നിലപാടുകള്‍ സുപ്രീംകോടതിയില്‍ കേന്ദ്രം തുറന്നുകാട്ടി.

നിയമസഭയില്‍ പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയ ലോണ്‍ മാപ്പു പറയണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. ഇന്ത്യൻ ഭരണഘടനയോടുള്ള വിധേയത്വം പ്രഖ്യാപിക്കണം. ലോണ്‍ ഭീകരതയെയും വിഘടനവാദത്തെയുംപിന്തുണയ്ക്കുന്നുണ്ട്. ഇവയെ തള്ളിപറഞ്ഞ് പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. ഇതോടെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിഷയത്തില്‍ ഇടപെട്ടത്.

അതേസമയം, നിയമസഭയില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത് മുഹമ്മദ് അക്ബര്‍ ലോണായിരുന്നുവെന്ന് അറിഞ്ഞിരുന്നെങ്കില്‍ ലോണിന് വേണ്ടി ഹാജരാകില്ലായിരുന്നുവെന്ന് മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബല്‍ പറഞ്ഞു. സത്യവാങ്മൂലം ഉടൻ സമര്‍പ്പിക്കാൻ ആവശ്യപ്പെടും. തയ്യാറായില്ലെങ്കില്‍ അദ്ദേഹത്തിനുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് പിന്മാറുമെന്നും കബില്‍ സിബല്‍ പറഞ്ഞു.