ചാണ്ടി ഉമ്മൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു.

തിരുവനന്തപുരം : പുതുപ്പള്ളിയില്‍ വിജയം നേടിയ ചാണ്ടി ഉമ്മൻ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തര വേളയ്ക്ക് ശേഷം പത്തുമണിയോടെയായിരുന്നു ദൈവനാമത്തില്‍ സത്യപ്രതിജ്ഞ.അതിരാവിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും വിവിധ ആരാധനാലയങ്ങളിലെത്തി പ്രാര്‍ത്ഥന നടത്തിയാണ് ചാണ്ടി നിയമസഭയിലേക്കെത്തിയത്. ഡസ്കില്‍ കയ്യടിച്ചായിരുന്നു പ്രതിപക്ഷം ഉമ്മൻചാണ്ടിയുടെ പിൻഗാമിയെ സ്വീകരിച്ചത്. ഉമ്മൻചാണ്ടിയുടെ പേന കരുതലോര്‍മ്മയായി അമ്മ മറിയാമ്മ ചാണ്ടി ഉമ്മന് നല്‍കി. അപ്പയുടെ ഛായാചിത്രത്തില്‍ കൈകൂപ്പി പ്രാര്‍ത്ഥന നടത്തിയ ശേഷം, ആദ്യം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തി തേങ്ങയുടച്ചു. ആറ്റുകാലിലും സന്ദര്‍ശനം നടത്തി. അവിടെ നിന്നും സ്പെൻസര്‍ ജംഗ്ഷനിലെ സെന്റ് ജോര്‍ജ്ഓര്‍ത്തഡോക്സ് സിറിയൻ കത്രീഡലിലെത്തി പ്രാര്‍ത്ഥിച്ചു. പാളയം പള്ളിയില്‍ കാണിക്കയുമിട്ട ശേഷം നിയമസഭ കോംപ്ലക്സിലെത്തി. പ്രതിപക്ഷ നേതാവിനെയും സ്പീക്കറെയും കണ്ട ശേഷം പത്തുമണിയോടെ ദൈവനാമത്തില്‍ സത്യപ്രതിഞ്ജ ചെയ്ത് എംഎല്‍എയായി. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കും ഹസ്തദാനം നല്‍കി ചാണ്ടി ഇരിപ്പിടത്തിലേക്ക് നീങ്ങി.