മുസ്ലിം എംപിക്കെതിരെ മോശം പരാമർശം ; പ്രതിഷേധം ശക്തം.


ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെതിരെ കടുത്ത മോശം പരാമര്‍ശം നടത്തി ബിജെപി എം.പി. സൗത്ത് ഡല്‍ഹിയില്‍ നിന്നുള്ള എം.പിയായ രമേശ് ബിധൂരിയാണ് മുസ്ളീം വിഭാഗത്തില്‍ പെട്ട എം.പിയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്.ലോക്‌സഭയില്‍ ചന്ദ്രയാൻ-3 ചര്‍ച്ചയ്‌ക്കിടെ ബിധൂരി, ബി എസ് പി എം.പിയായ ഡാനിഷ് അലിയെ ഭീകരവാദി എന്ന് വിളിച്ച്‌ ആക്ഷേപിക്കുകയായിരുന്നു. ബിധൂരി വിളിച്ചുപറയുന്നതിനിടെ സമീപത്തിരുന്നവര്‍ ചിരിക്കുന്നുമുണ്ട്.

സംഭവത്തില്‍ ബിജെപി എം.പിയെ ഉടനടി സസ്‌പെൻഡ് ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ എം പിയോട് ലോക്‌സഭാദ്ധ്യക്ഷൻ ഓം ബിര്‍ള തന്റെ അതൃപ്‌തി അറിയിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗ് സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി. അതേസമയം ബഹുജൻ സമാജ്‌വാദി പാര്‍‌ട്ടി എം.പിയാണ് തന്നെ പ്രകോപിപ്പിച്ചതെന്നും പാര്‍ലമെന്റില്‍ നടന്ന സംഭവത്തില്‍ പ്രതികരണം ശരിയല്ലെന്നും താൻ പറഞ്ഞതില്‍ പാര്‍ലമെന്ററി വിരുദ്ധമായിഒന്നുമില്ലെന്നുമാണ് ഒരു ദേശീയ മാദ്ധ്യമത്തിന് രമേശ് ബിധൂരി നല്‍കിയ പ്രതികരണം. ഭാഷയില്‍ മാന്യത പുലര്‍ത്തണമെന്നാണ് ലോക്‌സഭാ സ്‌പീക്കര്‍ ബിധൂരിയോട് ആവശ്യപ്പെട്ടത്.പാര്‍ലമെന്റിലെ വിദ്വേഷ പരാമര്‍ശത്തിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഖേദ പ്രകടനം നടത്തി. താന്‍ ഈ പരാമര്‍ശം കേട്ടില്ലെന്നും പാര്‍ലമെന്റ് അംഗം നടത്തിയ പരാമര്‍ശം പ്രതിപക്ഷത്തെ വേദനിപ്പിച്ചെങ്കില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിധുരിക്കെതിരെ ബിജെപി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം കണ്ണില്‍ പൊടിയിടുന്നതാണെന്നും പകുതി മനസോടെയുള്ളതാണെന്നും അതുകൊണ്ട് അത് സ്വീകരിക്കാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു.