ഗുര്‍പത്വന്ത് സിങ് പന്നുവിന്‍റെ സ്വത്തുക്കള്‍ എൻഐഎ കണ്ടുകെട്ടി.

അമൃത്സർ :നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് നേതാവും ഖലിസ്ഥാൻ അനുകൂല വാദിയുമായ ഗുര്‍പത്വന്ത് സിങ് പന്നുവിന്‍റെ സ്വത്തുക്കള്‍ എൻഐഎ കണ്ടുകെട്ടി.ഛണ്ഡിഗഡിലെ വീടും അമൃത്സറിലെ സ്ഥലവുമാണ് കണ്ടുകെട്ടിയത്. മറ്റ് ഖലിസ്ഥാൻ അനുകൂല നേതാക്കളുടെ സ്വത്തുക്കളും എൻഐഎ കണ്ടുകെട്ടിയിട്ടുണ്ട്. ഖലിസ്ഥാന്‍ അനുകൂല നേതാവ് കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഗുര്‍പത്വന്ത് സിങ് പന്നു.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഘടനവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഗുര്‍പത്വന്ത് സിങ് പന്നു. സിഖുകള്‍ക്ക് മാത്രമായി ഖലിസ്ഥാൻ എന്ന രാഷ്ട്രം രൂപീകരിക്കണമെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നു ആവശ്യപ്പെട്ടിരുന്നു. 2020ല്‍ ഗുര്‍പത്വന്ത് സിങ് പന്നുവിനെ തീവ്രവാദിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.യുഎപിഎ നിയമത്തിലെ സെക്ഷൻ 51 എ പ്രകാരം പന്നുവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.

കണ്ടുകെട്ടിയ സ്വത്തുക്കളിൽ അമൃത്‌സറിലെ ഖാൻകോട്ട് ഗ്രാമത്തിലെ 46 കനാൽ (5.7 ഏക്കർ) കൃഷിഭൂമിയും ചണ്ഡീഗഢിലെ സെക്ടർ 15/സി ഏരിയയിലെ ഒരു വീടിന്റെ നാലിലൊന്ന് ഓഹരിയും ഉൾപ്പെടുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

വിഘടനവാദ ഗ്രൂപ്പില്‍ അംഗമാകാൻ സിഖ് യുവാക്കളെ പ്രേരിപ്പിച്ചു. ഇന്ത്യയ്‌ക്കെതിരെ പ്രചാരണം നടത്തി എന്നീ കുറ്റങ്ങളും ഗുര്‍പത്വന്ത് സിങ് പന്നുവിനെതിരെയുണ്ട്. സിഖ് മതത്തെ അടിസ്ഥാനമാക്കി പഞ്ചാബിനെ ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റണമോ എന്നതില്‍ വോട്ടെടുപ്പ് നടത്തിയ ഖാലിസ്ഥാൻ റഫറണ്ടത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാള്‍ കൂടിയാണ് ഗുര്‍പത്വന്ത് സിങ് പന്നു.