മധ്യപ്രദേശിൽ വമ്പൻ ഓഫറുമായി ബിജെപി .

ഭോപാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് 35 ശതമാനം സംവരണം. നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ജനപ്രിയ പദ്ധതികളുടെ ഭാഗമായാണ് പുതിയ പ്രഖ്യാപനം.സംസ്ഥാനത്തെ 230 നിയമസഭാസീറ്റില്‍ 18 എണ്ണത്തില്‍ വനിതാവോട്ടര്‍മാരാണ് കൂടുതല്‍. 13.39 ലക്ഷം പുതിയ വോട്ടര്‍മാരില്‍ 7.07 ലക്ഷം സ്ത്രീകളാണ്.നിലവില്‍ 30 ശതമാനമാണ് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ജോലികളില്‍ സംവരണം. ഇതാണ് 35 ശതമാനമാക്കുന്നത്. അധ്യാപകജോലിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണമേര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.ലാഡ്‌ലി ബെഹന പദ്ധതിവഴി സ്ത്രീകള്‍ക്ക് മാസംതോറും നല്‍കുന്ന 1000 രൂപ 1250 രൂപയാക്കി. പാചകവാതക സിലിൻഡര്‍ 450 രൂപയ്ക്ക്‌ നല്‍കാനും തീരുമാനമായി.പുണ്യമാസമായ ശ്രാവണമായതിനാലാണ് പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഞായറാഴ്ച പറഞ്ഞു. ഇക്കൊല്ലം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാതിരഞ്ഞെടുപ്പ്.ചൊവ്വാഴ്ചത്തെ രാഖിച്ചടങ്ങ് ആഘോഷിക്കാൻ 1.25 കോടി സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 250 രൂപവീതം ഇട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ലാഡ്‌ലി ബെഹന യോജനയുടെ ഭാഗമായുള്ള ബാക്കി 1000 രൂപ സെപ്റ്റംബറില്‍ ലഭിക്കും. ഈ പദ്ധതിയുടെ കീഴില്‍ നല്‍കുന്ന തുക ഭാവിയില്‍ 3000 ആക്കുമെന്നും അദ്ദേഹം പറഞ്ഞു.