യുവാവിന്റെ പേരിൽ 658 സിം കാർഡ്; അന്വേഷണവുമായി സുരക്ഷാ ഏജൻസികൾ .

അമരാവതി : വിജയവാഡയിലെ ഗുണദാല മേഖലയില്‍ ഒരാളുടെ പേരില്‍ 658 സിം കാര്‍ഡുകള്‍. ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസിന്‍റെ (ഡിഒടി) പരാതി പ്രകാരം സൂര്യരപേട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.സത്യനാരായണപുരം സ്വദേശി പോലുകൊണ്ട നവീൻ എന്ന യുവാവിന്‍റെ പേരിലാണ് 658 സിം കാര്‍ഡുകളും രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സിം കാര്‍ഡുകളിലെ തട്ടിപ്പ് തടയാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ടൂള്‍കിറ്റ് ഉപയോഗിച്ച്‌ ഫില്‍ട്ടര്‍ ചെയ്‌തപ്പോഴാണ് ഇക്കാര്യം വെളിപ്പെട്ടത്.

എഎസ്‌ടിആര്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ആൻഡ് ഫേഷ്യല്‍ റെക്കഗ്നിഷൻ പവേര്‍ഡ് സൊല്യൂഷൻ ഫോര്‍ ടെലികോം സിം സബ്‌സ്‌ക്രൈബര്‍ വെരിഫിക്കേഷൻ) സോഫ്‌റ്റ്‌വെയര്‍ സിം കാര്‍ഡ് തട്ടിപ്പ് കണ്ടെത്തുകയും ബന്ധപ്പെട്ട നമ്ബറുകള്‍ തടയുകയും ചെയ്യുന്നു.ഈ പരിശോധനയിലാണ് ഒറ്റ നെറ്റ്‌വര്‍ക്ക് കമ്ബനിയുടെ തന്നെ 658 സിം കാര്‍ഡുകള്‍ ഒരേ വ്യക്‌തിക്ക് വില്‍പ്പനനടത്തിയതായി കണ്ടെത്തിയത്.

തുടര്‍ന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇത് കൂടാതെ അജിത്‌സിങ് നഗര്‍, വിസ്സന്നപേട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ 150 സിം കാര്‍ഡുകള്‍ കൂടി വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ഇത്തരത്തില്‍ നല്‍കിയതായും അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം ഒരു ഫോട്ടോ ഉപയോഗിച്ച്‌ എങ്ങനെ ഇത്രയും സിമ്മുകള്‍ ഒരാള്‍ക്ക് എടുക്കാൻ സാധിച്ചു എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

വ്യാജ രേഖകളിലൂടെ സ്വന്തമാക്കിയ സിം കാര്‍ഡുകള്‍ തെറ്റായ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിച്ചാല്‍ അത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.ഈ സിമ്മുകള്‍ എവിടെ പോയെന്നോ, ആരാണ് ഉപയോഗിക്കുന്നതെന്നോ ഉള്ള വസ്‌തുതകള്‍ അന്വേഷിച്ച്‌വരികയാണെന്നും പൊലീസ് വ്യക്‌തമാക്കി. ഇത്തരത്തില്‍ കൂടുതല്‍ സിമ്മുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ വരികയാണെന്നും പൊലീസ് അറിയിച്ചു.