ആന്ധ്രയിൽ പിഡിപി ജനസേന സഖ്യം പ്രഖ്യാപിച്ചു.


ഹൈദരാബാദ്: അഴിമതിക്കേസില്‍ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുൻ‌ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു അറസ്റ്റിലാ‍യതിനു പിന്നാലെ സംസ്ഥാനത്ത് ജനസേനാ- ടിഡിപി സഖ്യം പ്രഖ്യാപിച്ച്‌ ജനസേനാ നേതാവ് പവൻ കല്യാണ്‍.വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനിയും സഹിക്കാൻ ആന്ധ്രാപ്രദേശിന് കഴിയില്ലയെന്നും പവൻ കല്യാണ്‍ പറഞ്ഞു. രാജമഹേന്ദ്ര വാരം സെൻട്രല്‍ ജയിലിലെത്തി നായിഡുവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം ജയിലിനു പുറത്തു വച്ച്‌ നടത്തിയ മാദ്ധ്യമസമ്മേളനത്തിലാണ് പവൻ കല്യാണ്‍ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

ടിഡിപി നേതാക്കളായ നന്ദമൂരി ബാലകൃഷ്ണനും നര ലോകേഷും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാൻ ജനസേനയും ടിഡിപിയും തയാറാണെന്നും തെരഞ്ഞെടുപ്പു പ്രചാരണത്തിന്‍റെ പദ്ധതികള്‍ ആസൂത്രണംചെയ്യുന്നതിനായി എത്രയും പെട്ടെന്ന് ഇരു പാര്‍ട്ടികളും സംയുക്തമായി ആക്ഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും പവൻ കല്യാണ്‍ വ്യക്തമാക്കി.

വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ജഗൻ മോഹൻ റെഡ്ഡിയെ സാമ്ബത്തിക കുറ്റവാളിയെന്നാണ് പവൻ കല്യാണ്‍ ആരോപിച്ചത്. തന്‍റെ വരാഹി യാത്ര തടയാനായി ജഗനും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും ഗുണ്ടകളെയും അക്രമികളെയും അയച്ചതായും രാഷ്ട്രീയമായി തന്‍റെ വളര്‍ച്ച തടയാൻ പരമാവധി ശ്രമിച്ചതായും പവൻ കല്യാണ്‍ ആരോപിച്ചു. ഹൈദരാബാദിന്‍റെ വളര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിച്ച നായിഡുവിനെ രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലാണ് കേസില്‍ കുടുക്കി അറസ്റ്റിലാക്കിയതെന്നും പവൻ കല്യാണ്‍ പറഞ്ഞു.